മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ കൊട്ടിക്കലാശത്തിൻറെ ആവേശക്കടലിരമ്പം. പരസ്യ പ്രചാരണത്തിൻറെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി.
നിലമ്പൂർ ടൗണിനെ ചെങ്കോട്ടയാക്കിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിൻറെയും പ്രവർത്തകരുടെയും കൊട്ടിക്കലാശം. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും പ്രവർത്തകരും കൊട്ടിക്കലാശവുമായി നിലമ്പൂർ ടൗണിനെ ഇളക്കിമറിക്കുകയാണ്. ബിജെപി ക്യാമ്പും ആവേശത്തിലാണ്.കലാശക്കൊട്ടിനില്ലെന്നും 19നാണ് യഥാർത്ഥ കൊട്ടിക്കലാശമെന്നുമാണ് പിവി അൻവറിൻറെ നിലപാട്.
നിലമ്പൂർ ടൗണിലാണ് മുന്നണികളുടെ കൊട്ടിക്കലാശം നടക്കുന്നത്. ആറുമണിയോടെ കൊട്ടിക്കലാശത്തിന് സമാപനമാകും. പ്രവർത്തകർക്കൊപ്പം നൃത്തം വെച്ചുകൊണ്ട് നേതാക്കളും സ്ഥാനാർത്ഥികളും കൊട്ടിക്കലാശം കളറാക്കുകയാണ്.
പരമാവധി വോട്ടർമാരെ നേരിട്ട് കാണാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം. കൊട്ടിക്കലാശത്തിന് മുന്നോടിയുള്ള റോഡ് ഷോയിലും ആവേശം വാനോളമാണ്. അവസാനഘട്ട പ്രചാരണവുമായി പിവി അൻവറും സജീവമാണ്. രണ്ടാഴ്ചയിലേറെ നീണ്ട് നിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം നടക്കുന്നത്.
അവസാന മണിക്കൂറുകളിൽ റോഡ് ഷോകളുമായി ആവേശം കൊഴുപ്പിക്കുകയാണ് മുന്നണികൾ. വിവാദങ്ങളും ജനകീയ വിഷയങ്ങളും എല്ലാം ചർച്ചയായ നിലമ്പൂർ മറ്റന്നാളാണ് വിധിയെഴുതുന്നത്. നാളെ നിശബ്ദ പ്രചാരണമാണ്. ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന് യുഡിഎഫും സർക്കാരിൻറെ നേട്ടങ്ങൾക്ക് ജനം പിന്തുണ നൽകുമെന്ന് എൽഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ചില മേഖലകളിലെങ്കിലും ഇരു മുന്നണികൾക്കും വെല്ലുവിളിയാകുന്നുണ്ട് പിവി അൻവറിൻറെ സാന്നിദ്ധ്യം.
അവസാനഘട്ടത്തിൽ മാത്രം കളത്തിലിറങ്ങിയ ബിജെപി വോട്ട് വിഹിതം നിലനിർത്താനുള്ള ശ്രമത്തിലാണ്. കൊട്ടിക്കലാശമുണ്ടാകില്ലെന്നും യഥാർത്ഥ കലാശക്കൊട്ട് 19ന് നടക്കുമെന്നുമാണ് പിവി അൻവർ വ്യക്തമാക്കിയത്. ഗതാഗതകുരുക്ക് ഒഴിവാക്കാൻ കൂടിയാണ് കൊട്ടിക്കലാശം ഒഴിവാക്കിയതെന്നും പ്രവർത്തകർ തനിക്കുള്ള വോട്ടുറപ്പിക്കുകയാണെന്നും പിവി അൻവർ പറഞ്ഞു. കൊട്ടിക്കലാശം നിലമ്പൂരിലും എടക്കരയിലുമായി തിരിച്ചത് തനിക്കെതിരെയാക്കാനാണെന്നും രണ്ടിടത്തും ഒരുമിച്ച് എത്താനാകില്ലെന്നും പിവി അൻവർ പറഞ്ഞു.



