അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്നു വിദ്യാർഥികളും ജീവനക്കാരും ചാടിയിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്.
വിമാനാപകടത്തിനുശേഷമുണ്ടായ തീപിടിത്തത്തിനിടയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നത് ദൃശ്യത്തിൽ കാണാനാവും. ഉയർന്ന നിലകളിലുണ്ടായിരുന്ന നിരവധി വിദ്യാർഥികൾക്കും ജീവനക്കാർക്കും രക്ഷപ്പെടാനുള്ള ഏക മാർഗം ബാൽക്കണി ആയിരുന്നു.
ഇപ്പോൾ പുറത്തുവന്ന 21 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ വിദ്യാർഥികൾ അലറിക്കരഞ്ഞുകൊണ്ട് ബാൽക്കണിയിലൂടെ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതു കാണാം.
https://x.com/i/status/1934908846352335082
വിമാനാപകടത്തിൽനിന്നു രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ്, പുറത്തേക്കു നടന്നുവരുന്ന വിഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകയ്യിൽ മൊബൈൽ ഫോണുമായി അപകടസ്ഥലത്തുനിന്നു പുറത്തേക്കു നടക്കുന്നതു വിഡിയോയിൽ കാണാമായിരുന്നു. നാട്ടുകാർ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ഇതിനുപിന്നാലെയാണു പുതിയ വിഡിയോയും പുറത്തുവരുന്നത്.
242 പേരുമായി ലണ്ടനിലേക്കു യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിൽ ഇന്നു ജീവനോടെ ബാക്കിയായത് വിശ്വാസ് കുമാർ രമേശ് മാത്രമാണ്. യാത്രക്കാരില്‍ ഒരാള്‍പോലും ജീവനോടെ ബാക്കിയില്ലെന്നു വിചാരിച്ച സമയത്താണ് വിശ്വാസിന്റെ തിരിച്ചുവരവ് പുറംലോകം അറിയുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്കിടയിലേക്കു നടന്നെത്തിയ വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും ഉള്‍പ്പെടെ പരുക്കേറ്റിരുന്നു.



