ന്യൂയോർക്ക്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ടെഹ്‌റാനിൽനിന്ന് എല്ലാവരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് പുതിയ നിർദേശം നൽകിയത്.
അതേസമയം ഇസ്രയേലിന്റെ ആക്രമണം ശക്തമായ ടെഹ്‌റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ടെഹ്‌റാനിൽ നിന്നും 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്കാണ് ഇന്ത്യൻ പൌരന്മാരെ മാറ്റുന്നത്. വിദ്യാർത്ഥികളടക്കം സംഘത്തിലുണ്ട്. ടെഹ്‌റാനിൽ ആക്രമണം ശക്തമായതോടെയാണ് ജനങ്ങൾ നഗരം വിട്ട് തുടങ്ങിയത്. 1600 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 110 വിദ്യാർത്ഥികളുടെ ആദ്യ സംഘം അർമേനിയൻ അതിർത്തിയിലെത്തും. ശേഷം വിമാനമാർഗം ഇന്ത്യയിലെത്തിക്കും.
ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് കണ്ണൂരിൽ നിന്നും കരിപ്പൂരിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. ദുബൈ വിമാന സർവീസും ദുബൈയിൽ നിന്നും ഷാർജയിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കി.കരിപ്പൂരിൽ നിന്നുള്ള ഷാർജ വിമാന സർവീസും റദ്ദാക്കിയിട്ടുണ്ട്. രാത്രി 12.35ന് പുറപ്പെടേണ്ട സർവീസാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. വ്യോമപാത ദുബൈ താത്കാലികമായി അടച്ചതിന് പിന്നാലെയാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.



