ടെൽ അവീവ്; ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ട്. ഇസ്രയേലിലെ നാല് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവിനോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ഇറാൻ്റെ ആക്രമണം. ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് അടക്കം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേലിൻ്റെ സൈനിക കമാൻഡിനും ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിനും മിലിട്ടറി ഇൻ്റലിജൻസ് ക്യാമ്പിനും നേരെ ഇറാൻ ആക്രമണം നടത്തിയതായി ഇറാനിയൻ വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇതിനിടെ ബെഹ്ർഷെവയിലെ സൊകോറ ആശുപത്രിക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഇസ്രയേലിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണ് സൊറോക. ഗാസ ആക്രമണത്തിനിടെ പരിക്കേറ്റ ഇസ്രയേലി സൈനികരെ അടക്കം ഇവിടെയാണ് ചികിത്സിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇറാൻ നടത്തിയത് യുദ്ധക്കുറ്റമാണെന്നും ഇസ്രയേൽ ആരോപിച്ചു.
എന്നാൽ ഗവ്-യാം ടെക്നോളജി പാർക്കിലെ സൈനിക-ഇന്റലിജൻസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. ബെഹ്ർഷെവയിലെ സൊറോക ആശുപത്രിയ്ക്ക് സമീപമാണ് ഈ കേന്ദ്രമെന്നും ഇർന റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ ആശുപത്രിക്ക് നേരിയ കേടുപാടുകൾ സംഭവിച്ചുവെന്നും ഇർന സ്ഥിരീകരിക്കുന്നുണ്ട്. ഗവ്-യാം ടെക്നോളജി പാർക്കിൽ സ്ഥിതി ചെയ്യുന്ന ഇസ്രയേലിൻ്റെ സൈനിക കമാൻഡിനും ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിനും മിലിട്ടറി ഇൻ്റലിജൻസ് ക്യാമ്പിനും ഇറാൻ ആക്രമണത്തിൽ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ടെൽ അവീവിലെ ഹോലോൺ പ്രദേശത്തും ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക് പറ്റുകയും 24ഓളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇറാനിലെ അരക് ആണവകേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ ആണവകേന്ദ്രത്തിന് സമീപം താമസിക്കുന്നവർ മാറണമെന്ന് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമായിരിക്കെ വിഷയത്തിൽ ഇനിയൊരു സൈനിക ഇടപെടൽ കൂടി ആവശ്യമില്ലെന്ന് ഐക്യരാഷ്ട്ര സമിതി സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. അത്തരത്തിലൊരു ഇടപെടൽ ഉണ്ടായാൽ അവ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും എത്രയും വേഗം മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. തർക്കത്തെ ഇനിയും അന്താരാഷ്ട്രവത്കരിക്കരുതെന്നും സംഘർഷത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയും നേരിട്ട് ഇടപെട്ടേക്കും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഗുട്ടറസിന്റെ നിർദേശം



