മുംബൈ: ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനം റൺവെയിൽ നിന്നും തെന്നിമാറി. കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് പോയ എഐ 2744 നമ്പർ വിമാനമാണ് ഛത്രപജി ശിവജി മഹാരാജ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനം വിശദമായ പരിശോധന വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.
വിമാനം ലാൻഡിങ്ങിനായി റൺവേയിൽ തൊട്ടതിന് പിന്നാലെ തെന്നിനീങ്ങുകയായിരുന്നു. ലാൻഡിങ് സമയത്ത് വിമാനത്തിന്റെ മൂന്ന് ടയറുകൾ പൊട്ടിയതായും റിപ്പോർട്ടുകളുണ്ട്. അടിയന്തര സാഹചര്യം മൂലം വിമാനത്തിന്റെ എഞ്ചിന് തകരാർ സംഭവിച്ചേക്കാൻ സാധ്യതയുള്ളതിനാൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. വിമാനത്തിന്റെ എഞ്ചിൻ ഭാഗത്തുൾപ്പെടെ ഉണ്ടായ കേടുപാടുകളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
റൺവെയിൽ അസാധാരണ സാഹചര്യം നേരിട്ടെങ്കിലും വിമാനത്തിന് സുരക്ഷിതമായി ടെർമിനൽ ഗേറ്റിലേക്ക് എത്താൻ കഴിഞ്ഞു, അവിടെ എല്ലാ യാത്രക്കാരും ജീവനക്കാരും അപകടമില്ലാതെ ഇറങ്ങിയെന്നും കമ്പനി അറിയിച്ചു. കേടുപാടുകൾ സംഭവിച്ചിരിക്കാമെന്നും സ്രോതസ്സുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന റൺവേയ്ക്കും കേടുപാടുകൾ സംഭവിച്ചതായി വിമാനത്താവള അതോറിറ്റി അറിയിച്ചു. എന്നാൽ റൺവെയുടെ പ്രവർത്തനം സാധാരണ നിലയിൽ ആണെന്നും അധികൃതർ അറിയിച്ചു. രണ്ട് ദിവസമായി മഴ തുടരുന്ന മുംബൈയിൽ ഞായറാഴ്ച രാത്രി മഴ ശക്തമായിരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായിട്ടുണ്ട്.



