‘അഭിനയം പറ്റാതെ വന്നാൽ ഞാൻ നിർത്തി പോകും, ഇല്ലെങ്കിൽ ഇവിടെ തന്നെ കാണും’; മാധവ് സുരേഷ്

മാധവ് സുരേഷ് നായകനായി എത്തിയ ആദ്യ ചിത്രമായിരുന്നു കുമ്മാട്ടിക്കളി. ഈ സിനിമയിലെ ചില ഭാഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾക്ക് വഴിവെച്ചിരിക്കുകയാണ്. ട്രോളുകൾക്ക് പ്രതികരണവുമായി മാധവ് സുരേഷ് എത്തിയിരിക്കുകയാണ് ഇപ്പോൾ. തനിക്ക് അഭിനയം…

മാധവ് സുരേഷ് നായകനായി എത്തിയ ആദ്യ ചിത്രമായിരുന്നു കുമ്മാട്ടിക്കളി. ഈ സിനിമയിലെ ചില ഭാഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾക്ക് വഴിവെച്ചിരിക്കുകയാണ്. ട്രോളുകൾക്ക് പ്രതികരണവുമായി മാധവ് സുരേഷ് എത്തിയിരിക്കുകയാണ് ഇപ്പോൾ. തനിക്ക് അഭിനയം പറ്റില്ലെന്നും പണി നിർത്തിപ്പോവണമെന്നുമാണ് ആളുകൾ പറയുന്നതെന്ന് ട്രോളുകൾ ചൂണ്ടിക്കാട്ടി മാധവ് സുരേഷ് പറഞ്ഞു. ശ്രമിച്ചതിന് ശേഷവും പറ്റില്ലെന്ന്‌ തെളിഞ്ഞാൽ താൻ സ്വയം അഭിനയം നിർത്തിപ്പോവുമെന്നും ഇല്ലെങ്കിൽ ഇവിടെ തന്നെ കാണുമെന്നും മാധവ് സുരേഷ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാധവ് നിലപാട് വ്യക്തമാക്കിയത്.

‘സത്യസന്ധമായി പറഞ്ഞാൽ ‘കുമ്മാട്ടിക്കളി’യിൽ എന്റേത് നല്ല പ്രകടനമോ അത് നല്ലൊരു കാൻവാസോ ആയിരുന്നില്ല. എന്നാൽ അതുകാരണമുള്ള ട്രോളുകളിൽ കേൾക്കുന്നത് ഞാൻ മാത്രമാണ്. നീ പണി നിർത്തി പോ, നിനക്കിത് പറ്റില്ല എന്നൊക്കെയാണ് ആളുകൾ പറയുന്നത്. എനിക്ക് പറ്റുമോ ഇല്ലയോ എന്ന് ഞാൻ ശ്രമിച്ചതിന് ശേഷം, പറ്റില്ലാ എന്ന് എനിക്ക് തെളിഞ്ഞാൽ പോയ്‌ക്കോളാം. അതിനി അങ്ങനെയല്ലെങ്കിൽ ഞാൻ ഇവിടെതന്നെ കാണും.

ഒരു നിർമാതാവ് കഷ്ടപ്പെട്ട് സമ്പാദിച്ച പൈസയാണ് ഒരു സിനിമയ്ക്കുവേണ്ടി ഉപയോഗിക്കുന്നത്. കഷ്ടപ്പെട്ട് സമ്പാദിച്ച പണവുമായാണ് ആളുകൾ കാണാൻ വരുന്നത്. ഈ രണ്ടുഭാഗത്തോടും അഭിനേതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. പൈസ തന്നവർക്ക് അത് തിരികെ നൽകാനുള്ള ഉത്തരവാദിത്തവും പൈസ കൊടുത്ത് സിനിമ കാണാൻ വരുന്നവർക്ക് വിനോദമൂല്യം നൽകാനുള്ള ഉത്തരവാദിത്തവും. അത് ആ സിനിമയിൽ നടന്നിട്ടില്ല. മറ്റെന്തിനേക്കാളും ഞാൻ അക്കാര്യത്തിൽ നിരാശനാണ്. എന്നാൽ, എനിക്ക് കുറ്റബോധമില്ല. ഒരുപാട് അനുഭവപരിചയം ചിത്രം തന്നിട്ടുണ്ട്’, മാധവ് സുരേഷ് പറഞ്ഞു.

Leave a Reply