പുത്തൻ പ്രതീക്ഷകളുയർത്തി ഇസ്രോ-നാസ ദൗത്യം; ’നിസാർ’ വിക്ഷേപണം വിജയകരം

ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാർ (നാസ-ഐഎസ്ആർഒ സിന്തറ്റിക് ആപ്പർച്ചർ റഡാർ) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്സ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമോപരിതലത്തിലെ…

ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാർ (നാസ-ഐഎസ്ആർഒ സിന്തറ്റിക് ആപ്പർച്ചർ റഡാർ) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്സ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങൾപോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ പ്രധാനദൗത്യം.

ഐഎസ്ആർഒയും നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്. ഇന്ത്യയുടെ ജിഎസ്എൽവി-എഫ് 16 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 743 കിലോമീറ്റർ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാർ ഭൂമിയെ ചുറ്റുക. ഭൗമോപരിതലത്തിലെ ഓരോ സ്ഥലത്തിന്റെയും വിവരങ്ങൾ 12 ദിവസത്തെ ഇടവേളയിൽ രേഖപ്പെടുത്താൻ നിസാറിലെ നിരീക്ഷണ ഉപകരണങ്ങൾക്ക് കഴിയും.

ലോകത്തുതന്നെ ഏറ്റവും ചെലവേറിയ ഉപഗ്രഹവിക്ഷേപണങ്ങളിലൊന്നാണ് നിസാറിന്റേത്. 150 കോടി ഡോളറാണ് (13,000 കോടി രൂപ) ചെലവ്. ഇതിൽ 788 കോടി രൂപയാണ് ഇന്ത്യ മുടക്കുന്നത്. ഏറ്റവും വലിയ ഇൻഡോ-യുഎസ് ഉപഗ്രഹ ദൗത്യങ്ങളിൽ ഒന്നാണിത്. ഭൂമിയുടെ അഭൂതപൂർവമായ വിശദാംശങ്ങളോടുകൂടിയ ത്രിമാനദൃശ്യം നൽകുന്ന ആദ്യത്തെ ഉപഗ്രഹമാണിത്.

ഓരോ 12 ദിവസത്തിലും രണ്ടു തവണ ഭൂമിയിലെ പ്രദേശങ്ങൾ പൂർണമായി സ്‌കാൻ ചെയ്യുകയും, ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങളിലൂടെ ഒരു സെന്റിമീറ്റർ വരെയുള്ള ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിക്കുകയും ചെയ്യും. മുൻപ് നാസയുടെ ഒരു ഉപഗ്രഹത്തിനും സാധിക്കാത്ത തരത്തിൽ ഇത് ഭൗമ നിരീക്ഷണ വിവരങ്ങൾ ശേഖരിക്കും. കാലക്രമേണ ഭൂമിയിലെ കരയും സമുദ്രങ്ങളും എങ്ങനെ മാറുന്നു എന്നതിന്റെ വിശദമായ രേഖ ഉപഗ്രഹം നൽകും, ഇത് കാലാവസ്ഥാ ഗവേഷണത്തിന് ഊർജം പകരും.

മണ്ണിടിച്ചിൽ, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ മുന്നോടിയായുള്ള ലക്ഷണങ്ങൾ കണ്ടെത്താൻ ഈ വിവരങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കും. അതുവഴി ദുരന്ത മുന്നറിയിപ്പുകൾ നൽകാനും തയ്യാറെടുപ്പുകൾ നടത്താനും സാധിക്കും.

ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഭൗമ-നിരീക്ഷണ ഉപഗ്രഹങ്ങളിൽ ഒന്നാണിത്. ഇതിനായി എൽ-ബാൻഡ് സിന്തറ്റിക് അപ്പേർച്ചർ റഡാർ, ഒരു ഹൈ-റേറ്റ് ടെലികമ്മ്യൂണിക്കേഷൻ സബ്സിസ്റ്റം, ജിപിഎസ് റിസീവറുകൾ, വിന്യസിക്കാവുന്ന 12 മീറ്റർ ആന്റിന എന്നിവ നാസയാണ് നൽകിയത്. ഐഎസ്ആർഒ ആകട്ടെ, എസ്-ബാൻഡ് എസ്എആർ പേലോഡ്, രണ്ട് പേലോഡുകളും ഉൾക്കൊള്ളാനുള്ള ബഹിരാകാശ പേടകം, ജിഎസ്എൽവി റോക്കറ്റ്, വിക്ഷേപണവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ എന്നിവയാണ് നൽകിയത്. ഈ ബഹിരാകാശ പേടകം ഭൂമിയുടെ ഉപരിതലത്തിലേക്ക് മൈക്രോവേവ് സിഗ്നലുകൾ അയക്കുകയും 12 മീറ്റർ വിസ്താരമുള്ള റഡാർ ആന്റിന റിഫ്ലക്ടറിൽ അവയുടെ പ്രതിഫലനങ്ങൾ സ്വീകരിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി, നിസാറിന്റെ പ്രധാന ദൗത്യകാലയളവിൽ പ്രതിദിനം ഏകദേശം 80 ടെറാബൈറ്റ് ഡാറ്റ ലഭിക്കും. ഈ വിവരങ്ങൾ ക്ലൗഡ് വഴി പ്രോസസ്സ് ചെയ്യുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യാം.

”ഭൂമിയിലെ ഏതാനും മില്ലിമീറ്ററുകളുടെ ചലനം പോലും നിസാറിന് നിരീക്ഷിക്കാൻ സാധിക്കും. മറ്റൊരു ഭൗമ-നിരീക്ഷണ ദൗത്യത്തിനും ഇത്രയും സൂക്ഷ്മതയും ആവൃത്തിയും നൽകാൻ കഴിയില്ല, – നാസയിലെ നിസാർ പ്രോഗ്രാം സയന്റിസ്റ്റ് ജെറാൾഡ് ബൗഡൻ പറഞ്ഞു.

Leave a Reply