തിരുവനന്തപുരം: ഷാർജയിൽ മലയാളി യുവതി അതുല്യ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് സതീഷ് ആണ് പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സതീഷ് പിടിയിലായത്.
അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വലിയതുറ പൊലീസിന് കൈമാറി.
ജൂലൈ 19 നാണ് അതുല്യയെ ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുക്കുകയായിരുന്നു. മറ്റൊരു രാജ്യത്ത് കൂടി അന്വേഷിക്കേണ്ട കേസായതിനാലാണ് ലോക്കൽ പൊലീസിൽ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്. സതീഷിനായി ലുക്ക്ഔട്ട് നോട്ടീസിറക്കി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിമാനത്താവളത്തിൽ വെച്ച് ഇന്ന് രാവിലെ പിടിയിലാകുന്നത്.



