‘പീഠം നേരിൽ കൊണ്ടുപോയി കൊടുത്തു’; വിജിലൻസിന് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായി

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ താങ്ങുപീഠം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ്. പീഠം നേരിട്ട് കൈമാറിയതായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായി വാസുദേവൻ വിജിലൻസിന് മൊഴി നൽകി. വിവാദമായ താങ്ങുപീഠം താൻ നേരിൽ കൊണ്ടുപോയി…

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ താങ്ങുപീഠം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ്. പീഠം നേരിട്ട് കൈമാറിയതായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായി വാസുദേവൻ വിജിലൻസിന് മൊഴി നൽകി. വിവാദമായ താങ്ങുപീഠം താൻ നേരിൽ കൊണ്ടുപോയി പോറ്റിക്ക് നൽകിയതാണെന്ന് വാസുദേവൻ മാധ്യമങ്ങളോടും സ്ഥിരീകരിച്ചു.

ഈ മാസം 13-നാണ് പീഠം പോറ്റിയുടെ വീട്ടിൽ കൊണ്ടുപോയി നൽകിയത്. പീഠം ശിൽപത്തിന് യോജിച്ചതല്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നുവെന്നും, എന്നാൽ പോറ്റി പരാതി നൽകിയ വാർത്ത കണ്ടാണ് താൻ പീഠം തിരികെ ഏൽപ്പിച്ചതെന്നും വാസുദേവൻ വിജിലൻസിനോട് പറഞ്ഞു.

നേരത്തെ, വാസുദേവന്റെ കൈവശം പീഠം ഉണ്ടായിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും, കോട്ടയം സ്വദേശിയായ അദ്ദേഹം പീഠം തന്നിൽ തിരികെ ഏൽപ്പിക്കുകയായിരുന്നെന്നുമാണ് പീഠത്തിന്റെ സ്പോൺസർ കൂടിയായ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞിരുന്നത്. നാലര വർഷം പീഠം വാസുദേവന്റെ കൈവശമായിരുന്നുവെന്നും, താൻ ബെംഗളൂരുവിലേക്ക് പോകേണ്ടതിനാലാണ് വിലപിടിപ്പുള്ള വസ്തു വീട്ടിൽ വെക്കേണ്ടെന്ന് കരുതിയതെന്നും പോറ്റി വിശദീകരിച്ചിരുന്നു. 2021 ജനുവരി ഒന്നിനാണ് പീഠം സന്നിധാനത്ത് എത്തിച്ചതെന്നും പോറ്റി പറഞ്ഞിരുന്നു.

എന്നാൽ, താങ്ങുപീഠം സന്നിധാനത്ത് എത്തിയിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. രേഖകളില്ലാത്തതിനാൽ പീഠം സന്നിധാനത്ത് എത്തിയിട്ടില്ലെന്നും, ബോർഡിനെ അപമാനിച്ചതിന് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ അപകീർത്തി കേസ് നൽകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം, അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ദ്വാരപാലക ശിൽപത്തിൽ കുറഞ്ഞ നാലര കിലോ സ്വർണമല്ലെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. കുറഞ്ഞ തൂക്കത്തിൽ ഭൂരിഭാഗവും ചെമ്പാണെന്നും, ചെമ്പ് കുറഞ്ഞതിന്റെ ആനുപാതികമായി മാത്രമേ ചെറിയ അളവിൽ സ്വർണ്ണം കുറഞ്ഞിട്ടുള്ളൂവെന്നും വിജിലൻസ് എസ്.പി. സുനിൽ കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മാലിന്യം കളഞ്ഞപ്പോൾ തൂക്കത്തിൽ കുറവ് വന്നതാകാമെന്നാണ് വിജിലൻസിന്റെ നിഗമനം.

Leave a Reply