തമിഴ്‌നാട്ടിൽ ഹിന്ദി ‘നിരോധിക്കാൻ’ സ്റ്റാലിൻ; നിയമ നിർമാണം പരിഗണനയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷാ അടിച്ചേൽപ്പിക്കുന്നത് തടയാൻ നിയമ നിർമാണത്തിന് എം കെ സ്റ്റാലിൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹിന്ദി ഹോർഡിംഗുകൾ, ഹിന്ദി സിനിമകൾ, പാട്ടുകൾ എന്നിവ ഉൾപ്പെടെ നിരോധിക്കുന്ന വിധത്തിലാണ് നീക്കം. ഇത്…

ചെന്നൈ: തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷാ അടിച്ചേൽപ്പിക്കുന്നത് തടയാൻ നിയമ നിർമാണത്തിന് എം കെ സ്റ്റാലിൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹിന്ദി ഹോർഡിംഗുകൾ, ഹിന്ദി സിനിമകൾ, പാട്ടുകൾ എന്നിവ ഉൾപ്പെടെ നിരോധിക്കുന്ന വിധത്തിലാണ് നീക്കം. ഇത് സംബന്ധിച്ച ബിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിക്കും. സർക്കാർ നീക്കവുമായി ബന്ധപ്പെട്ട് സുപ്രധാന യോഗം കഴിഞ്ഞ ദിവസം രാത്രി നടന്നതായും റിപ്പോർട്ടുകളുണ്ട്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ബിൽ അവതരിപ്പിക്കും.

സർക്കാർ നീക്കം ഭരണഘടന വിരുദ്ധമാണെന്ന വാദവും ഉദ്യോഗസ്ഥർക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം ഒരു നിയമ നിർമാണം പരിഗണനയിൽ ഉണ്ടെന്ന സൂചനയാണ് മുതിർന്ന ഡിഎംകെ നേതാവ് ടികെഎസ് എളങ്കോവൻ നൽകുന്നത്. ‘ഭരണഘടനയ്ക്ക് വിരുദ്ധമായി ഞങ്ങൾ ഒന്നും ചെയ്യില്ല, അതിനെ അനുസരിക്കും, എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ചെറുക്കും.’- എളങ്കോവൻ പ്രതികരിച്ചു. അടുത്തിടെ തമിഴരുടെ മേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുതെന്നും, തങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ബിൽ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നത് എന്നാണ് സൂചന.

സർക്കാർ നീക്കം സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ വിമർശനങ്ങളും ഉയർന്നുകഴിഞ്ഞു. നീക്കത്തെ മണ്ടത്തരം എന്നാണ് തമിഴ്‌നാട് ബിജെപി വിശേഷിപ്പിച്ചത്. ഭാഷയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുത് എന്നും ബിജെപി നേതാവ് വിനോജ് സെൽവം പ്രതികരിച്ചു. കരൂർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ നേരിട്ട തിരിച്ചടികളിൽ നിന്ന് ശ്രദ്ധമാറ്റാൻ ആണ് ഡിഎംകെയുടെ ശ്രമം എന്നും ബിജെപി ആരോപിച്ചു.

ത്രിഭാഷാ ഫോർമുലയിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ശ്രമിക്കുകയാണെന്നാണ് ഡിഎംകെയുടെ പ്രധാന വാദം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ സമയത്തും ഡിഎംകെ വിഷയം പ്രചരണായുധമാക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ നിന്നും രൂപയുടെ ലോഗോ മാറ്റി തമിഴ് അക്ഷരം ഉപയോഗിച്ചതും വിവാദങ്ങൾക്കിടയാക്കിയിരുന്നു.

Leave a Reply