ശബരിമലയിൽനിന്ന് കടത്തിയ സ്വർണം കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ഇന്നലെ വൈകുന്നേരം ബെല്ലാരിയിലെ ഗോവർധന്റെ ജ്വല്ല റിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. എസ്‌പി ശശിധരൻ്റെ നേതൃത്വത്തിൽ ഗോവർധന്റെയും സ്വർണം വിറ്റ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെയും സാന്നിധ്യത്തിലാ ണ് സ്വർണം വീണ്ടെടുത്തത്. 400 ഗ്രാമിനു മുകളിലുള്ള സ്വർണ്ണക്കട്ടികളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ഉണ്ണിക്കൃഷ്‌ണൻ പോറ്റി വിറ്റതിന് സമാനമായ തൂക്കത്തിലുള്ള സ്വർ ണം എസ്ഐടിക്ക് വീണ്ടെടുക്കാനായെന്നാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. ബെംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തും.
ഉണ്ണിക്കൃഷ്ണൻ പോറ്റി വിൽപന നടത്തിയ സ്വർണം ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർധന്റെ കയ്യിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലും ബെല്ലാരിയിലുമായി തെളിവെടുപ്പു നടത്തുകയായിരുന്നു. സ്വർണം വീണ്ടെടുത്തതോടെ ഗോവർധനെ കേസിൽ സാക്ഷിയാക്കാനാണ് എസ്ഐടിയുടെ നീക്കം. തൊണ്ടിമുതൽ കിട്ടിയതോടെ, ഗൂഢാലോചനയ്ക്കൊപ്പം പൊതുമുതൽ മോഷ്ടിച്ചു വിറ്റെന്ന കേസും ചുമത്തും. സ്വർണം കൊടുത്തുവിട്ടവരും തീരുമാനമെടുത്തവരും പ്രതികളാകും.



