പെൺകുട്ടിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊന്ന സംഭവം; പ്രതി അജിൻ റെജിക്ക് ജീവപര്യന്തം

പത്തനംതിട്ട: തിരുവല്ലയിൽ കവിത എന്ന പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡിൽ കുത്തിവീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ…

പത്തനംതിട്ട: തിരുവല്ലയിൽ കവിത എന്ന പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡിൽ കുത്തിവീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തത്തിന് പുറമേ, 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അഡിഷനൽ ജില്ലാ കോടതി –1 ആണ് വിധി പുറപ്പെടുവിച്ചത്.

പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് അഡീഷണൽ ജില്ലാ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിന്റെ മകൾ കവിതയാണ് കൊല്ലപ്പെട്ടത്. 2019 മാർച്ച് 12ന് തിരുവല്ലയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇടറോഡിൽ വെച്ച് രാവിലെ 9.11 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.

തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ പിന്തുടർന്നാണ് അജിൻ ആക്രമിച്ചത്. ഇരുവരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കവിത മരിച്ചത്.

Leave a Reply