അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ കാണാതായ രണ്ടാമത്തെ മലയാളിയുടെ മൃതദേഹവും കണ്ടെടുത്തു. മലപ്പുറം സ്വദേശി മാധവ് മധുവിന്റെ മൃതദേഹമാണ് ഇന്ന് സേല പാസിനോട് ചേർന്നുള്ള തടാകത്തിൽ നിന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശി ബിനു പ്രകാശിന്റെ (26) മൃതദേഹം ശനിയാഴ്ച കണ്ടെടുത്തിരുന്നു. കൊട്ടിയം നിപ്പോൺ ടൊയോട്ടയിലെ ജീവനക്കാരനായ ബിനു സഹപ്രവർത്തകർക്കൊപ്പമാണ് അരുണാചലിലേക്ക് യാത്ര പോയത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. രക്ഷപ്പെടുത്തിയ മറ്റ് അഞ്ചുപേർ ചികിത്സയിലാണ്.
തണുത്തുറഞ്ഞ സേല തടാകത്തിന് മുകളിലെ ഐസ് പാളികളിലൂടെ നടന്നു നീങ്ങവെയാണ് അപകടമുണ്ടായത്. സംഘത്തിലെ മൂന്നുപേർ ഐസ് പാളികൾക്കിടയിലേക്ക് പെട്ടെന്ന് താഴ്ന്നുപോവുകയായിരുന്നു. നാട്ടിലുള്ള അമ്മയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ബിനു പ്രകാശ്, കൂട്ടുകാരുടെ അപകടം കണ്ട് ഉടൻ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുകയും ഇതിനിടെ തടാകത്തിൽ മുങ്ങിത്താഴുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അത്യന്തം ദാരുണമായ ഈ സംഭവത്തിന്റെ ഞെട്ടലിലാണ് ഇവരുടെ നാടും ബന്ധുക്കളും. നിലവിൽ മാധവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.



