പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ ഈ മാസം 28ന് വിധി പറയും. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി മാറ്റിവെച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ എസ്ഐടി അപേക്ഷ നൽകിയിട്ടുണ്ട്. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം ഹാജരാക്കിയിരുന്നു. അതിൻ്റെ ശാസ്ത്രീയ പരിശോധന വേണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ ആയിട്ട് രണ്ടാഴ്ചയാകുന്നു.
പരാതിക്കാരി ക്രൂര പീഡനമാണ് നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും പ്രോസിക്യൂഷൻ കോടതിക്ക് മുമ്പാകെ ചൂണ്ടിക്കാട്ടി. രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിധി പറയുന്നത് മാറ്റിയത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ഒന്നാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഗർഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നും അതിജീവിത പറയുന്നു.



