ശബരിമല യുവതി പ്രവേശനത്തിൽ സിപിഐഎം നിലപാട് പറയേണ്ടപ്പോൾ പറയുമെന്ന് എം വി ഗോവിന്ദൻ. കൂടാതെ സർക്കാരിനും പാർട്ടിക്കും നിലപാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സമയം വരട്ടെ കൈകാര്യം ചെയ്യാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യപരമായ അന്തസ് ഉയർത്തിപിടിക്കും. ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ല. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയും. വിശ്വാസികളുടെ താൽപര്യങ്ങളും നിയമവും നടപ്പിലാക്കുമെന്നും ഗോവിന്ദൻ.
അതേസമയം, ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോർട്ട് പൂർണമല്ലെന്നും ദേവസ്വം ബോർഡിൻറെ മുന്നിൽ റിപ്പോർട്ട് വന്നിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പൂർണമായ റിപ്പോർട്ട് വരുമ്പോൾ കൂടുതൽ പ്രതികരിക്കാം. തെറ്റായതും അപാകത നിറഞ്ഞതുമായ റിപ്പോർട്ടാണിത്. അതിൽ പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എസ്ഐആർ സംബന്ധിച്ച വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്തെ എസ്ഐആർ സമയം ഇനിയും നീട്ടി നൽകണം. ചില മണ്ഡലങ്ങളിൽ മറ്റ് മണ്ഡലങ്ങളിലെ ആളുകളെ ചേർക്കുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. വളഞ്ഞവഴിയിലൂടെ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നുവെന്നും കുറ്റപ്പെടുത്തൽ.
വികസന മുന്നേറ്റ ജാഥയുടെ യാത്രയിൽ ഉടനീളം വിദ്വേഷ പരാമർശങ്ങൾ നടക്കുന്നുവെന്ന വെൽഫെയർ പാർട്ടിയുടെ വിമർശനത്തിലും എം.വി ഗോവിന്ദൻ പ്രതികരിച്ചു. ജമാഅത്തെ ഇസ്‌ലാമിയാണ് ഏറ്റവും വലിയ വർഗീയവാദികളെന്നും അവരെ ആര് വിലവെക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.



