സംസ്ഥാനത്ത് മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനും ഭാഷാ പഠനം സാർവ്വത്രികമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ‘മലയാള ഭാഷാ ബിൽ – 2025’ന് ഗവർണ്ണർ അംഗീകാരം നൽകി. 1969-ലെ ഔദ്യോഗിക ഭാഷാ ആക്ടിന് പകരമായി കൊണ്ടുവരുന്ന ഈ സമഗ്ര നിയമം, ഇംഗ്ലീഷിന് പകരം മലയാളത്തിന് പൂർണ്ണ മുൻഗണന ഉറപ്പാക്കുന്നു. ഭരണരംഗത്തും വിദ്യാഭ്യാസ രംഗത്തും മലയാളത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കാനായി വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ഈ ബിൽ തയ്യാറാക്കിയിരിക്കുന്നത്.
ഒന്നു മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കുക, സർവ്വകലാശാലാ പാഠ്യപദ്ധതികളിൽ മലയാളത്തെ ഒരു പേപ്പറായി ഉൾപ്പെടുത്തുക തുടങ്ങിയവയാണ് ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ. കൂടാതെ കോടതി നടപടികൾ, സർക്കാർ ഉത്തരവുകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മലയാളത്തിലാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്സുകളിൽ പ്രത്യേക സംവരണം നൽകുമെന്നതും അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ മലയാളം നിർബന്ധമാക്കുമെന്നതും ശ്രദ്ധേയമായ മാറ്റങ്ങളാണ്.
അതേസമയം, അയൽസംസ്ഥാനമായ കർണ്ണാടകയിൽ നിന്നും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും കടുത്ത എതിർപ്പുകൾക്കിടെയാണ് ബിൽ നിയമമാകുന്നത്. ബിൽ ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ സിദ്ധരാമയ്യയുടെ നിലപാടിനെ പിന്തുണച്ചപ്പോൾ, ഭാഷാ ന്യൂനപക്ഷ സ്കൂളുകളെ ഇതിൽ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാൽ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് ബിൽ നടപ്പിലാക്കുന്നതെന്ന് കേരളം വ്യക്തമാക്കി.
യെലഹങ്ക വിഷയത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ഭാഷാ ബില്ലും സജീവമായതോടെ കർണ്ണാടകയിൽ കേരള വിരുദ്ധ പ്രചാരണങ്ങൾ ശക്തമായിരുന്നു. കാസർകോട്ടെ കന്നഡ സംസാരിക്കുന്നവരുടെ താൽപ്പര്യങ്ങൾ ബിൽ ഹനിക്കുമെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങളെയും രാഷ്ട്രീയ എതിർപ്പുകളെയും തള്ളിക്കൊണ്ടാണ് ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ കേരളത്തിന്റെ ഭരണ-വിദ്യാഭ്യാസ മേഖലകളിൽ മലയാളം ഔദ്യോഗികമായി ആധിപത്യം ഉറപ്പിക്കും.



