പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായ സന്ദേശം നൽകണമെന്നും ആഗോള സാമ്പത്തിക വ്യവസ്ഥയെയും ജനജീവിതത്തെയും ഈ പ്രതിസന്ധി സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകവ്യാപാരത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
യുദ്ധം ബാധിച്ച മേഖലകളുമായി ഇന്ത്യയ്ക്ക് ശക്തമായ വ്യാപാര ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ വലിയൊരു ഭാഗം വരുന്നത് ഇവിടെ നിന്നാണ്. ഏകദേശം ഒരു കോടിയിലധികം ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. കപ്പലുകളിലെ ജീവനക്കാരായ ഇന്ത്യക്കാരുടെ സുരക്ഷയും പ്രധാനമാണ്. സംഘർഷത്തിനിടെ ഇതിനോടകം 3,75,000 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സാധിച്ചു. അവിടെ തുടരുന്നവർക്ക് ഇന്ത്യൻ എംബസികൾ വഴി ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും രാഷ്ട്രത്തലവന്മാരുമായി താൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും മോദി വിശദീകരിച്ചു.
അതേസമയം, ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും നിലവിൽ 53 ലക്ഷം മെട്രിക് ടൺ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം രാജ്യത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ, 65 ലക്ഷം മെട്രിക് ടൺ കൂടി സംഭരിക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഊർജ്ജ ഇറക്കുമതിക്കായി ഇന്ത്യ സ്വീകരിച്ച മുൻകരുതലുകൾ ദൗർലഭ്യം ഒഴിവാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇറക്കുമതി ശൃംഖലയിലെ വൈവിധ്യവൽക്കരണമാണ് ഇന്ത്യയുടെ പ്രധാന കരുത്തെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുൻപ് 27 രാജ്യങ്ങളിൽ നിന്ന് മാത്രമായിരുന്ന ഊർജ്ജ ഇറക്കുമതി ഇപ്പോൾ 41 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും ഒരു മേഖലയിലെ സംഘർഷം മൂലം വിതരണം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ രാജ്യത്തെ സഹായിക്കുന്നു. ആഗോള പങ്കാളികളുമായി സഹകരിച്ച് സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ എണ്ണ ശുദ്ധീകരണ ശേഷിയിലും വിതരണ മാനേജ്‌മെന്റിലും വലിയ പുരോഗതി കൈവരിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ പ്രധാന ജലപാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അംഗീകരിച്ചു. അസംസ്കൃത എണ്ണ, ഗ്യാസ്, വളം എന്നിവയുടെ വലിയൊരു ഭാഗം ഈ വഴിയിലൂടെയാണ് വരുന്നത്. എങ്കിലും, ഈ പാതയിൽ തടസ്സങ്ങളുണ്ടായാലും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. സാധാരണക്കാരുടെ വീടുകളിലെ അത്യാവശ്യ ഊർജ്ജ ആവശ്യങ്ങൾക്കായിരിക്കും സർക്കാർ മുൻഗണന നൽകുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.



