ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ഹാജരാകണമെന്ന് കോടതിയുടെ നിർദേശം, ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിലാണ് ശോഭ സുരേന്ദ്രനെ കോടതിയുടെ ഇങ്ങനൊരു നിർദേശം. മാർച്ച് 28ന് ഹാജരാകാനാണ് തൃശൂർ സിജെഎം ഒന്നാം കോടതിയുടെ ഉത്തരവ്. ഗോകുലം ഗോപാലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ശോഭ സുരേന്ദ്രനെതിരായ കേസ്. പണം നൽകി തന്നെ സ്വാധീനിക്കാൻ കോടീശ്വരനായ ഒരു ചാനൽ ഉടമ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആരോപണം. എന്നാൽ പിന്നാലെ തന്നെ ഈ ആരോപണങ്ങളോട് പ്രതികരിച്ച് ഗോകുലം ഗോപാലനും രംഗത്തെത്തിയിരുന്നു.
അതേസമയം തന്റെ പേരിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തണമെന്ന് ഗോകുലം ഗോപാലൻ ആവശ്യപെടുകയും ചെയ്യ്തു. താൻ ഒരു രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഇടപെടാറില്ല. വ്യക്തിഹത്യ നടത്താൻ വേണ്ടിയാണ് അടിസ്ഥാന രഹിതമായ ഈ ആരോപണങ്ങളെന്നും, ശോഭാ സുരേന്ദ്രനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഗോകുലം ഗോപാലൻപ്രതികരിച്ചു. ഇനിയും ഇതുപോലെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിച്ചാൽ താൻ നിയമ നടപടി സ്വീകരിക്കുമെന്നും ഗോകുലം ഗോപാലൻ പ്രതികരിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ഡിസംബറിൽ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ നൽകിയ മാനനഷ്ടക്കേസിൽ ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന് കോടതി സമൻസ് അയച്ചിരുന്നു. ബി.ജെ.പി.യിൽ ചേരാൻ ഇ.പി.ജയരാജൻ ശ്രമിച്ചെന്നും, ദല്ലാൾ നന്ദകുമാർ മുഖേന ചർച്ച നടത്തിയെന്നുമുള്ള പ്രസ്താവനയും ,മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖവും തെറ്റാണെന്നും തന്നെയും സി.പി.എമ്മിനെയും അപകീർത്തിപ്പെടുത്താനാണിതെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് നടപടി.



