ക്ഷേത്രാചാര വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളോട് വിയോജിച്ച് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട് അത് പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രത്തിൽ പോയാൽ മതി എന്നാണ് കെ ബി ഗണേഷ് കുമാർ പറയുന്നത്. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരങ്ങൾ അതിൽ മാറ്റം വരുത്തണമോന്ന് അവിടുത്തെ തന്ത്രിയാണ് തീരുമാനിക്കേണ്ടത് എന്നും അധവാ ഭരണാധികാരികൾക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ അത് തന്ത്രിയുമായി കൂടിയാലോചിക്കാം എന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെ തള്ളിക്കൊണ്ടാണ് ഗണേഷ് കുമാറിൻ്റെ ഇങ്ങനൊരു പ്രതികരണം.
അതേസമയം ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് എസ്എൻിപി യോഗത്തിന്റെ ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിക്കാതെ കയറണമെന്ന നിബന്ധനക്കെതിരെ ആദ്യം പ്രതികരിച്ചത്. എന്നാൽ ആ വേദിയിൽ വെച്ച് തന്നെ അതിനെ അനുകൂലിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇതര ക്ഷേത്രങ്ങളിലും മേൽവസ്ത്രം അഴിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.ഇതിനെ എതിർത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പ്രതികരിച്ചതോടെ വിവാദ൦ വളരെ ശക്തമായി. ഈ വിവാദത്തിലാണ് മന്ത്രിസഭയിൽ നിന്നുതന്നെ ഭിന്ന സ്വരം ഉയർന്നിരിക്കുന്നത്.
മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശമുണ്ടായത്. മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർത്ത എൻഎസ്എസ് ജനറൽ സെക്രട്ടറിസുകുമാരൻ നായരുടെ അഭിപ്രായത്തോട് ചേർന്ന് നിൽക്കുന്നതാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. എൻഎസ്എസ് ഡയറക്ടർബോർഡ് അംഗം കൂടിയാണ് ഗണേഷ് കുമാർ.



