ഭക്തലക്ഷങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ശബരിമല മകരവിളക്ക് ഇന്ന്. ഭഗവാൻ അയ്യപ്പന്റെ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. അതിനു ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പര്ണശാലകൾ നിറഞ്ഞു. അയ്യപ്പദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കഴിഞ്ഞ രണ്ടുദിവസമായി കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക.ശബരിമലയിലും നിലക്കലിലും, പമ്പയിലും 5000 ത്തോളം പോലീസുകാർ സംരക്ഷണം ഒരുക്കും.

ദീപാരാധനയ്ക്ക് ശേഷമാകും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവുക
ഇന്ന് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷമാകും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവുക. ജ്യോതിദർശനത്തിനായി സന്നിധാനത്തും പരിസരത്തും തമ്പടിച്ചിരുന്ന ഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് മൂന്ന് നേരവും അന്നദാനം അവർക്കരികിലേക്ക് എത്തിച്ചുനൽകുന്നുണ്ട്. ഇതിനുപുറമെ ഈ പോയിന്റുകളിൽ കൂടുതൽ ചുക്കുവെള്ള കൗണ്ടറുകളും ബിസ്ക്കറ്റ് ഉൾപ്പെടെയുള്ള ലഘുഭക്ഷണവും പരമാവധി എത്തിക്കാനാണ് ശ്രമം. ഒരു കാരണവശാലും തമ്പടിച്ചിരിക്കുന്ന ഭക്തർ അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്യാൻ പാടില്ലെന്ന് പൊലീസിന്റെ കർശന നിർദേശമുണ്ട്. അതിനാലാണ് ദേവസ്വം ബോർഡ് അവർക്കരികിലേക്ക് ഭക്ഷണമെത്തിക്കുന്നത്.
മകരവിളക്ക് ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തർ പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അപകടങ്ങളുണ്ടാകാതിരിക്കാ൯ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. മകര വിളക്കിനൊരുങ്ങിയിരിക്കുന്ന ശബരിമല ഇക്കുറി പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷത്തോളം ഭക്തരെയാണ്.



