സാമുദായിക രംഗത്തും, സംഘടന രംഗത്തും ഐക്യത്തിനും യോജിച്ചു മുന്നോട്ട് പോക്കിന് എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്ന് സമസ്തയിലെ ലീഗ് വിരുദ്ധർ. സംഘടനാ രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നേതാക്കൾ ശ്രമം തുടർന്ന് വരികയാണ്. അതിനിടെ ചില പ്രസംഗങ്ങളിൽ ഉണ്ടായ പരാമർശങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സംബന്ധിച്ചാണെന്ന മാധ്യമസൃഷ്ടിയിൽ സാദിഖലി തങ്ങൾക്ക് വേദന ഉണ്ടാക്കുകയും അതിന് ചില പ്രസംഗങ്ങൾ കാരണമാവുകയും ചെയ്തതിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നാണ് ലീഗ് വിരുദ്ധർ പറയുന്നത്.

ചില പരാമർശങ്ങിൽ സാദിഖലി തങ്ങൾക്ക് പ്രയാസമുണ്ടായി
സംഘടനാ രംഗത്തെ പ്രയാസങ്ങൾ പരിഹരിക്കാൻ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മുൻകയ്യെടുത്താണ് കഴിഞ്ഞ ദിവസം പാണക്കാട് ചർച്ച നടത്തിയത്. യോഗ തീരുമാനപ്രകാരമാണ് വാർത്താ സമ്മേളനം നടത്തിയത്. ചില പരാമർശങ്ങിൽ സാദിഖലി തങ്ങൾക്ക് പ്രയാസമുണ്ടായെന്നും അതെല്ലാം വിശദമായി സംസാരിച്ച് പരിഹരിച്ചുവെന്നും അതിൽ സങ്കടമുണ്ടെന്നും വാർത്ത സമ്മേളനത്തിൽ ആവർത്തിച്ചിരുന്നു. ചർച്ചയിലെ അന്തിമ തീരുമാനവും ഇത് തന്നെയാണ് . എന്നാൽ സംഘടനക്കകത്തും, സമുദായത്തിനകത്തും ഒത്തൊരുമ അനിവാര്യമാണെന്നത് കൊണ്ട് സംഘടനാപരമായ ഏത് വിട്ടുവീഴ്ചക്കും ഖേദപ്രകടനത്തിനും ഇനിയും തയ്യാറാണെന്നാണ് ലീഗ് വിരുദ്ധർ പറയുന്നു.



