ലോസ് ഏഞ്ചൽസ്: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡുകള്‍ക്കെതിരെ തുടങ്ങിയ പ്രതിഷേധം കലാപത്തിലേക്ക് പോയതോടെ ലോസ് ഏഞ്ചൽസില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ ലോസ് ഏഞ്ചൽസിലെ ചിലയിടങ്ങളിലായാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.
അക്രമം, തീവെപ്പ്, കൊള്ള എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോസ് ഏഞ്ചൽസ് മേയര്‍ കരെന്‍ ബാസ് കര്‍ഫ്യു പ്രഖ്യാപിച്ചത്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് മണി വരെയാകും കര്‍ഫ്യു.
എന്നാല്‍ ജോലിസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും കര്‍ഫ്യു ഉണ്ടാകില്ല. പകരം നഗരത്തിലെ പൊതുഇടങ്ങളില്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കലാപം നേരിടാന്‍ 4000 നാഷണല്‍ ഗാര്‍ഡുകളെയും അമേരിക്കൻ സൈന്യത്തിന്റെ ഭാഗമായ മറീനിന്റെ 700 അംഗ സംഘത്തെയും ഡോണള്‍ഡ് ട്രംപ് ലോസ് ഏഞ്ചൽസിലേക്ക് അയച്ചിരുന്നു.
പ്രക്ഷോഭകര്‍ സമരവും പ്രതിഷേധവും അവസാനിപ്പിച്ചില്ലെങ്കില്‍ ക്രമസമാധാന പാലനം സൈന്യത്തിനെ ഏല്‍പ്പിക്കുന്ന ഇന്‍സറക്ഷന്‍ ആക്ട് നടപ്പിലാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, കുടിയേറ്റ നയത്തിനെതിരായ പ്രതിഷേധത്തെ നിയന്ത്രിക്കാന്‍ ട്രംപ് ഭരണകൂടം സൈന്യത്തെ വിന്യസിച്ചതിനെതിരേ ഡെമോക്രാറ്റിക് പാര്‍ട്ടി വലിയ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ട്രംപ് ഏകാധിപത്യപരമായി പെരുമാറുന്നുവെന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസമിന്റെ പ്രതികരണം.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ലോസ് ഏഞ്ചൽസിലൊട്ടാകെ കുടിയേറ്റകാര്യവിഭാഗം വ്യാഴാഴ്ച മുതല്‍ റെയ്ഡ് ആരംഭിച്ചിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ വംശജര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതല്‍ വ്യാപക പ്രതിഷേധം ആരംഭിച്ചത്.



