ധാക്ക: രാജ്യത്ത് തിരഞ്ഞെടുക്കപ്പെടുന്ന അടുത്ത സർക്കാരിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇടക്കാല സർക്കാരിന്റെ തലവനായി ചുമതലയേറ്റ 84 കാരനായ മുഹമ്മദ് യൂനുസ് 2026 ഏപ്രിൽ ആദ്യ പകുതിയോടെ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന അടുത്ത സർക്കാരിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് മുഹമ്മദ് യൂനുസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘‘ഇല്ല, ഒരു തരത്തിലും ഇല്ല. മന്ത്രിസഭാ അംഗങ്ങളിൽ ആർക്കും (ഉപദേശകരുടെ കൗൺസിൽ) അങ്ങനെ ആഗ്രഹം കാണില്ലെന്ന് ഞാൻ കരുതുന്നു’’ – മുഹമ്മദ് യൂനുസ് പറഞ്ഞു. ലണ്ടനിലെ ചാത്തം ഹൗസിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫയേഴ്‌സിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു. ഇത് തങ്ങൾക്ക് വളരെ നിർണായകമായ ഒരു ഘടകമാണെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. ഷെയ്ഖ് ഹസീനയേയും അവരുടെ പാർട്ടിയേയും പറ്റിയുള്ള ചോദ്യങ്ങൾക്ക് യുവാക്കളെ കൊല്ലുകയും പൊതുജനങ്ങളുടെ പണം മോഷ്ടിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്ന പാർട്ടിയെ യഥാർത്ഥത്തിൽ ഒരു രാഷ്ട്രീയ പാർട്ടി എന്ന് വിളിക്കാമോയെന്ന് മുഹമ്മദ് യൂനുസ് മറുപടി നൽകി. ജൂൺ 10 മുതൽ 13 വരെ യുകെയിലുള്ള മുഹമ്മദ് യൂനുസ്, തന്റെ സന്ദർശന വേളയിൽ ചാൾസ് രാജാവുമായും പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായും കൂടിക്കാഴ്ച നടത്തും.



