കേരളത്തിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി സ്വർണവിലയുടെ റെക്കോർഡ് മുന്നേറ്റം. ഇന്ന് ഒറ്റയടിക്ക് 195 രൂപ ഉയർന്ന് ഗ്രാമിന് 9,295 രൂപയും പവന് 1,560 രൂപ ഉയർന്ന് 74,360 രൂപയുമായി. കഴിഞ്ഞ ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയും എന്ന റെക്കോർഡാണ് ഇപ്പോൾ തകർത്തിരിക്കുന്നത്.
അതേസമയം കഴിഞ്ഞമാസം 15ന് (മേയ് 15) ഒരു പവൻ സ്വർണത്തിൻ്റെ വില 68,880 രൂപയിലേക്കും ഗ്രാം വില 8,610 രൂപയിലേക്കും കുറഞ്ഞിരുന്നു. തുടർന്ന്, ഇതുവരെ കൂടിയത് പവന് 5,480 രൂപയും ഗ്രാമിന് 685 രൂപയുമാണ്. ഈ മാസം ഇതുവരെ മാത്രം ഗ്രാമിന് 375 രൂപയും പവന് 3,000 രൂപയും ഉയർന്നിട്ടുണ്ട്. രാജ്യാന്തര സ്വർണവിലയുടെ കുതിച്ചുകയറ്റമാണ് കേരളവിലയിലും പ്രതിഫലിക്കുന്നത്.
രാജ്യാന്തര വില മുന്നേറ്റം തുടർന്നാൽ, കേരളത്തിൽ ഇന്ന് തന്നെ സ്വർണവില റെക്കോർഡ് പുതുക്കാനും സാധ്യതയേറെയാണ്. കഴിഞ്ഞവർഷം ജൂൺ 13ന് കേരളത്തിൽ പവന് 52,920 രൂപയേ വിലയുണ്ടായിരുന്നുള്ളൂ. ഗ്രാമിന് 6,615 രൂപയും. ഒറ്റവർഷംകൊണ്ട് കൂടിയതാണ് പവന് 21,440 രൂപയും ഗ്രാമിന് 2,680 രൂപയും.



