ടെൽ അവീവ്: ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് പ്രത്യാക്രമണം നടത്തി ഇറാൻ. ടെൽ അവീവിലെ വിവിധയിടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉൾപ്പെടെ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിരവധി തന്ത്രപ്രധാന സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിൽ ഇസ്രയേൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ ട്രൂ പ്രോമിസ് III എന്ന പേരിലാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്.
അതേസമയം ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോമിനെയും മറികടന്നാണ് ഇറാൻ തിരിച്ചടിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ശത്രു നടത്തുന്ന വ്യോമമാർഗമുള്ള ഏത് ആക്രമണത്തെയും ആകാശത്തുവെച്ച് തകർക്കുന്നതിന് ഇസ്രയേലിന്റെ കൈവശമുള്ള അത്യാധുനിക പ്രതിരോധ സംവിധാനമാണ് അയൺ ഡോം. ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈൽ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകർക്കുകയാണ് അയൺ ഡോം ചെയ്യുന്നത്. റോക്കറ്റുകൾ, മോർട്ടാറുകൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ആളില്ലാ വിമാനങ്ങൾ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങൾ തകർക്കാൻ അയൺ ഡോമിന് കഴിയും. ടെൽ അവീവിൽ ഇറാൻ മിസൈൽ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേൽ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിലാണ് ഇറാനെതിരായ സൈനിക നടപടി ഇസ്രയേൽ ആരംഭിച്ചത്. ഇറാന്റെ ആണവ പദ്ധതികൾ തടയുകയായിരുന്നു ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേലിന്റെ വാദം. ആണവായുധമുണ്ടാക്കാനുള്ള ഘട്ടത്തിലേക്ക് ഇറാൻ അടുത്തുവെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ ഇസ്ലാമിക് റെവലൂഷൻ ഗാർഡ് കോർപ്സ് (ഐആർജിസി) മേധാവി മേജർ ജനറൽ ഹൊസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി തുടങ്ങിയ സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.



