ടെഹ്റാൻ: ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളിൽ ആറാം ദിവസവും മേഖലയിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിനടുത്തുള്ള ഖോജിർ മിസൈൽ നിർമ്മാണ കേന്ദ്രം ഇസ്രയേൽ ആക്രമിച്ചെന്നാണ് ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. കിഴക്കൻ ടെഹ്റാനിലെ ഇമാം ഹൊസൈൻ സർവകലാശാലയെയും ഇസ്രയേൽ ലക്ഷ്യമിട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ടെഹ്റാൻ മേഖലയിൽ തങ്ങളുടെ വ്യോമസേനയുടെ 50-ലധികം യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഇന്ന് പുലർച്ചെ, ഇറാൻ ആക്രമണങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ ഇസ്രയേലിലുടനീളം രണ്ടുതവണ സൈറണുകൾ മുഴങ്ങിയതായി സൈന്യം പറഞ്ഞു. വടക്കൻ ഇസ്രായേലിൽ ഇറാൻ യുദ്ധവിമാനങ്ങളുടെ നുഴഞ്ഞുകയറ്റം ശക്തമാണെന്നും ഇസ്രയേൽ പറഞ്ഞു.
അതേസമയം ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും എളുപ്പം കൊല്ലാൻ കഴിയുമെങ്കിലും ഇപ്പോൾ അതുചെയ്യുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെറും വെടിനിർത്തലല്ല ആവശ്യം. ഇസ്രയേൽ-ഇറാൻ സംഘർഷത്തിന് യഥാർത്ഥ പര്യവസാനമാണ് വേണ്ടത്. ക്ഷമ നശിച്ചു കൊണ്ടിരിക്കുകയാണ്. നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് ‘ട്രൂത്ത് സോഷ്യലി’ൽ ആവശ്യപ്പെട്ടു.



