സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. മലയാളത്തിൽ നിലവിൽ തന്നെ ‘കേരളം’ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെന്നും, ഇംഗ്ലീഷിലും അത് തന്നെ കൊണ്ടുവരുന്നത് കൊണ്ട് പ്രത്യേകമായ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് ആവശ്യമായ എയിംസ്, മറ്റ് വികസന പദ്ധതികൾ, പുതിയ സ്ഥാപനങ്ങൾ എന്നിവ നൽകാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ, പേര് മാറ്റത്തിന് മാത്രം വേഗത്തിൽ അംഗീകാരം നൽകുന്നത് വിരോധാഭാസമാണെന്നും തരൂർ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിന്റെ ഈ ആവശ്യം അംഗീകരിച്ചത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘കേരള’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ‘കേരളം’ എന്ന് ഭേദഗതി ചെയ്യാൻ അനുച്ഛേദം 3 പ്രകാരം നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ഈ ബിൽ ഇനി രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കുകയും, സഭയുടെ അഭിപ്രായം തേടിയ ശേഷം പാർലമെന്റ് പാസാക്കുകയും ചെയ്യേണ്ടതുണ്ട്. ഭരണഘടനയുടെ എട്ടാം പട്ടികയിലെ എല്ലാ ഭാഷകളിലും പേര് ‘കേരളം’ എന്നാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
2024 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭരണപക്ഷവും പ്രതിപക്ഷവും ഐകകണ്ഠ്യേനയാണ് പാസാക്കിയത്. നേരത്തെ 2023-ൽ സമാനമായ പ്രമേയം അയച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു. തുടർന്ന് പരിഷ്കരിച്ച പ്രമേയം വീണ്ടും സമർപ്പിക്കുകയായിരുന്നു. പേര് മാറ്റത്തെ കേന്ദ്രം സ്വാഗതം ചെയ്യുമ്പോഴും, ബജറ്റിലെ അവഗണനയും വികസന മുരടിപ്പും ചൂണ്ടിക്കാട്ടി രാഷ്ട്രീയ വിയോജിപ്പുകൾ ശക്തമാകുകയാണ്.



