ഇന്ന് ഓഗസ്റ്റ് 9, ചരിത്രത്തിന്റെ ഏടുകളില്‍ കറുത്ത ദിനമായി രേഖപ്പെടുത്തിയ നാഗസാക്കി ദിനം. 1945 ഓഗസ്റ്റ് 9 നാണ് ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക രണ്ടാമത്തെ അണുബോംബ് വര്‍ഷിച്ചത്.ഓഗസ്റ്റ് 6 ന് ഹിരോഷിമയില്‍ അണുബോംബ് ആക്രമണം നടത്തി, അതിന്റെ നടുക്കം മാറും മുമ്പായിരുന്നു നാഗസാക്കിയിലും ആക്രമണം നടത്തിയത്. 4630 കിലോ ടണ്‍ ഭാരവും ഉഗ്ര സ്‌ഫോടക ശേഷിയുള്ള ‘ഫാറ്റ് മാന്‍’ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ അഗ്‌നിക്ക് ഇരയാക്കിയത്.
ഏകദേശം 80,000 ത്തോളം മനുഷ്യജീവനുകളാണ് നാഗസാക്കിയിലെ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലഘട്ടത്തിലാണ് ലോകത്തെ വിറപ്പിച്ച ഈ സംഭവങ്ങളുണ്ടായത്.
ലോകം കണ്ടതില്‍ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതല്‍ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധമായിരുന്നത്. 30 രാജ്യങ്ങളിലെ 100 മില്യണ്‍ ജനങ്ങള്‍ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തില്‍ അതിലെ പ്രധാനരാജ്യങ്ങള്‍ അവരുടെ സാമ്പത്തിക, വ്യവസായിക, ശാസ്ത്രീയ കഴിവുകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റമായിരുന്നത്.



