ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മിക്കാന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചുന്നെങ്കില്‍ പ്രതിമ തകരുന്നത് ഒഴിവാക്കാമായിരുന്നെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗ്ഡകരി. കടലിനോടടുത്ത മേഖലകളില്‍ പാലം നിര്‍മിക്കുമ്പോള്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത താന്‍ നേരത്തെമുതല്‍ ചൂണ്ടിക്കാട്ടിയിരുന്നതായി ഗഡ്കരി പറഞ്ഞു. സിന്ധദുര്‍ഗിലെ പ്രതിമ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് നിര്മിച്ചിരുന്നെങ്കില് അത് തകര്‍ന്നുവീഴില്ലായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
കടലോര മേഖലകളില്‍ തുരുമ്പ് പിടിക്കാത്ത അസംസ്കൃതവസ്തുക്കള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. ഒരു വര്‍ഷം തികയും മുമ്പേ പ്രതിമ തകര്‍ന്നു വീഴുകയായിരുന്നു.



