ഗുജറാത്ത് സർക്കാരുമായി സഹകരിച്ച് ജൽ ശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള മഴവെള്ള സംഭരണ പരിപാടിയായ ‘ജൽ സഞ്ചയ് ജൻ ഭാഗിദാരി ഇനിഷ്യേറ്റീവ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തുടനീളം ദീർഘകാല ജല സുസ്ഥിരത ഉറപ്പാക്കുന്ന സാമൂഹിക പങ്കാളിത്തത്തിലൂടെ 24,800 മഴവെള്ള സംഭരണ ഘടനകൾ നിർമ്മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ദീർഘവീക്ഷണവും സമഗ്രവുമായ സമീപനത്തിലൂടെ ഇന്ത്യ ജല പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിൽ ലോകത്തെ നയിക്കണമെന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ച പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.
എല്ലാ ജീവജാലങ്ങളുടെയും ഉത്ഭവം ജലത്തിൽ നിന്നാണ്. എല്ലാവരുടെയും ജീവിതം ജലത്തെ ആശ്രയിച്ചിരിക്കുന്നു. ലോകത്തിനായി, നമ്മുടെ വരും തലമുറയ്‌ക്കായി ശുദ്ധജലം സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഗുജറാത്തിലും മറ്റ് പ്രദേശങ്ങളിലും അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും മഴക്കാലത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതായി പറഞ്ഞു. “ഞാൻ ദീർഘകാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഗുജറാത്തിൽ ഈ സീസണിൽ അഭൂതപൂർവമായ മഴ നേരിട്ടു. വെല്ലുവിളികൾക്കിടയിലും, പ്രകൃതിയുടെ പ്രകോപനം നേരിടുന്നതിൽ ഗുജറാത്തും അവിടുത്തെ ജനങ്ങളും പ്രതിരോധവും ഐക്യവും കാണിച്ചു “, അദ്ദേഹം പറഞ്ഞു.



