സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഡിജിപി അജിത്ത് കുമാറിനെതിരെ ഒരു നടപടിയും മുഖ്യമന്ത്രി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ എല്ലാ നിയമവിരുദ്ധമായ ഇടപാടുകളും നിയന്ത്രിക്കുന്നത് അജിത്ത് കുമാറാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും പറയുന്നത്.
മുഖ്യമന്ത്രി മാറിയാൽ മാത്രമേ പൊലീസിലെ മാഫിയകൾക്കെതിരായ അന്വേഷണം കൃത്യമായി നടക്കുകയുള്ളൂ. കള്ളൻമാരേതാണ് പൊലീസേതാണെന്ന് മനസിലാകാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. ദാവൂദ് ഇബ്രാഹിമിനെ പോലെയാണ് കേരളത്തിലെ എഡിജിപിയെന്ന് പിവി അൻവർ എംഎൽഎ പരസ്യമായി പറഞ്ഞിരിക്കുകയാണ്. രാജ്യദ്രോഹിയാണ് എഡിജിപിയെന്ന ഭരണകക്ഷി എംഎൽഎയുടെ ആരോപണം ഗൗരവതരമാണ്.
ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന സിപിഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം കേരളത്തിൽ നടക്കുന്ന സംഭവവികാസങ്ങളോട് മാത്രം പ്രതികരിക്കാത്തത് ഞെട്ടിക്കുന്നതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. എൽഡിഎഫ് സർക്കാരിന്റെ മുഖം നഷ്ടമായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു .



