തമിഴ് നാട് ഉപ മുഖ്യമന്ത്രി ഉദയ നിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരെ ഹർജി. സർക്കാർ പരിപാടികളിൽ ഉദയ നിധി ജീൻസും ടീഷർട്ടും ധരിക്കുന്നു, കൂടാതെ കാഷ്വലായ ചെരിപ്പ് ഉപയോഗിക്കുന്നു. തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. ഔപചാരിക വസ്ത്രധാരണരീതി എന്ന 2019ലെ സർക്കാർ ഉത്തരവ് സ്റ്റാലിൻ ഉദയനിധി ലംഘിക്കുകയാണെന്നാണ് ഈ ഹർജിയിൽ സൂചിപ്പിക്കുന്നത്. മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകൻ സത്യകുമാർ ആണ് ഹർജി നൽകിയത്.
പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും അല്ലെങ്കിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോഴും ഔപചാരിക വസ്ത്രധാരണരീതി പാലിക്കാൻ ഉദയനിധിയോട് നിർദേശിക്കണമെന്നാണ് ഈ ഹർജിയിലെ ആവശ്യം. ഹർജി ഇതുവരെ കോടതി പരിഗണനയ്ക്ക് എടുത്തിട്ടില്ല.
അതേസമയം ഉദയനിധി ധരിക്കുന്ന ടീ ഷർട്ടുകളിൽ പലപ്പോഴും ഡിഎംകെയുടെ ചിഹ്നമുണ്ടെന്നും ഹർജിയിൽ പറയുന്നു. സർക്കാർ പരിപാടികളിൽ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് പൊതുപ്രവർത്തകർക്ക് വിലക്കുണ്ട് , അങ്ങനെയങ്കിൽ ഉദയനിധിയുടെ ഈ വേഷവിധാനം ശരിയല്ല എന്നാണ് അഭിഭാഷകൻ ഹർജിയിൽ പറഞ്ഞത്.



