ഹരിയാനയിൽ സ്‌കൂള്‍ ബസ് അപകടത്തില്‍ ആറ് വിദ്യാര്‍ഥികള്‍ മരിക്കുകയും വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പൊതു അവധിയായ ഈദുല്‍-ഫിത്ര്‍ ദിനത്തില്‍ സ്കൂൾ എന്തിന് തുറന്നു പ്രവർത്തിച്ചു എന്നതാണ് ഉയർന്നു വരുന്ന ചോദ്യം. ഇത് സംബന്ധിച്ച് സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയില്‍ ദാരുണാപകടം ഉണ്ടായത്. ജിഎല്‍ പബ്ലിക് സ്കൂളിന്‍റെ സ്കൂള്‍ ബസ് ആണ് നര്‍നോളിലെ കനിനയിലെ ഉൻഹനി ഗ്രാമത്തില്‍വെച്ച് നിയന്ത്രണ വിട്ട് തലകീഴായി മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചശേഷമാണ് മറിഞ്ഞത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു. 2018ല്‍ സ്‌കൂള്‍ ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായും അധികൃതര്‍ വ്യക്തമാക്കി.



