ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിധിയെഴുത്ത് നാളെ. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്നലെ പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുന്നോടിയായുള്ള കൊട്ടിക്കലാശത്തിനിടയിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട പലയിടത്തും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് രാഷ്ട്രീയ പാർട്ടികൾക്ക് നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ ആരംഭിച്ചു.നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ രാജ്യത്ത് 88 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിനുപുറമേ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെയാണ് വോട്ടെടുപ്പ്. 25,231 പോളിങ് ബൂത്തുകളാണ് 20 മണ്ഡലങ്ങളിലുമായി സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ആകെ 2,77,49,159 വോട്ടർമാരാണ് ഇത്തവണയുള്ളത്. അതിൽ 6,49,833 പേർ കന്നി വോട്ടർമാരാണ്. 1,43,33,499 സ്ത്രീ വോട്ടർമാരും, 1,34,15293 പുരുഷ വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരുമാണ് ഇത്തവണത്തെ വോട്ടർപട്ടികയിലുള്ളത്. 25177 ബൂത്തുകളും 54 ഉപബൂത്തുകളും ഉൾപ്പെടെയാണ് 25231 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്. 30238 ബാലറ്റ് യൂണിറ്റുകളും 30,238 കൺട്രോൾ യൂണിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക.
You must be logged in to post a comment Login