കേരള തീരത്ത് ഇന്ന് കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കടൽ തീരത്ത് കിടന്ന് ഉറങ്ങുന്നതും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പ് നൽകി.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. കേരള തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും രാത്രി 08 മണിക്ക് ശേഷം മത്സ്യബന്ധനം നടത്താന്‍ പാടുള്ളതല്ല.



