ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. ഏകമകളുടെ കണ്ണീരോർമകളിൽ നിന്ന് ഇപ്പോഴും മോചിതരാകാതെ ജീവിതം മുന്നോട്ട് നയിക്കുകയാണ് വന്ദനയുടെ മാതാപിതാക്കൾ. മകൾ മരിച്ചെന്ന കാര്യം ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ഇവർക്ക്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെയാണ്
ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടത്.
പോലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപിന്റെ കുത്തേറ്റാണ് ഡോ.വന്ദനാ ദാസ് കൊല്ലപ്പെട്ടത്. അക്രമാസക്തനായ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വന്ദനയെ ചവിട്ടി വീഴ്ത്തിയ ശേഷം കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു വന്ദനാദാസ് മരിച്ചത്.പ്രതി സന്ദീപിനെ അധ്യാപക വൃത്തിയിൽ നിന്നും പുറത്താക്കി.90 ദിവസത്തിനുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെയും സർക്കാർ നടപടി എടുത്തു.
കേസിൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചതിന്റെ പ്രതീക്ഷയിലാണ് വന്ദനയുടെ മാതാപിതാക്കൾ. നീതിന്യായ വ്യവസ്ഥയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് പിതാവ് മോഹൻദാസ് പറഞ്ഞു. വന്ദനയുടെ അമ്മയുടെ നാടായ തൃക്കുന്നപ്പുഴയിൽ പാവപ്പെട്ട രോഗികൾക്കായി സൗജന്യ ക്ലിനിക്ക് സ്ഥാപിക്കുകയെന്നത് വനന്ദയുടെ ആഗ്രഹമായിരുന്നു. ആ ആഗ്രഹം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കുടുംബം.
You must be logged in to post a comment Login