സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കാലാവസ്ഥാ വകുപ്പ് ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. ചക്രവാതച്ചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. തെക്കൻ കർണാടകയ്ക്ക് മുകളിൽ നിന്ന് വിദർഭയിലേക്ക് മറ്റൊരു ന്യൂനമർദ്ദപാത്തിയും രൂപപെട്ടിട്ടുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ് 19ന് അതിശക്തമായ മഴക്കും, മെയ് 15 മുതൽ 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 10 സെന്റിമീറ്ററിനും 50 സെന്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.