ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബൈഭവ് കുമാറിനെതിരെ ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാൾ നൽകിയ എഫ്ഐആറിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കെജ്രിവാളിന്റെ സഹായിയായ ബൈഭവ് കുമാർ തന്നെ ഏഴോ എട്ടോ തവണയെങ്കിലും മർദ്ദിക്കുകയും ക്രൂരമായി വലിച്ചിഴയ്ക്കുകയും ചെയ്തുവെന്ന് മാലിവാൾ ആരോപിച്ചു. മുഖ്യമന്ത്രി കെജ്രിവാളിന്റെ സിവിൽ ലൈൻസ് വസതിയിൽ മെയ് 13 ന് ഉണ്ടായ സംഭവങ്ങളാണ് എഫ്ഐആറിൽ വിവരിക്കുന്നത്.
സ്വാതിക്ക് നേരെ ആക്രമണം നടന്നതായി നേരത്തെ ആം ആദ്മി പാർട്ടി നേതാക്കളും സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആയിരുന്നു പാർട്ടിയുടെ വിശദീകരണം. എന്നാൽ കഴിഞ്ഞ ദിവസം ലക്‌നൗവിലെത്തിയ കെജ് രിവാളിനൊപ്പം ബൈഭവ് കുമാറും ഉണ്ടായിരുന്നു. മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ സംഭവത്തിൽ പ്രതിഷേധവും ശക്തമായി.