കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ. രണ്ടാം വർഷ വിദ്യാർത്ഥികളായ 4 എസ്എഫ്‌ഐ പ്രവർത്തകരെയാണ് സസ്‌പെൻഡ് ചെയ്തത്. തേജു സുനിൽ, അമൽരാജ് മൂന്നാം വർഷ വിദ്യാർത്ഥികളായ തേജു ലക്ഷ്മി, അഭിഷേക് സന്തോഷ് എന്നിവരെയാണ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തത്.
ഒന്നാം വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് കോളേജിൽ ഹെൽപ്പ് ഡെസ്‌ക് ഇടുന്നതിൽ
ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പാളിനെ കരണത്തടിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ എസ്എഫ്ഐ നേതാവിൻ്റെ പരാതിയിൽ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിൻസിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രിൻസിപ്പൽ സുനിൽ ഭാസ്‌കറിനെതിരെ എസ്എഫ്‌ഐ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. അദ്ധ്യാപകൻ രണ്ട് കാലിൽ കോളേജിൽ കയറില്ലെന്നും പറയുന്നത് ചെയ്യാനുള്ള കഴിവ് എസ്എഫ്ഐക്ക് ഉണ്ടെന്നുമായിരുന്നു ഭീഷണി.