മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറും. 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് അമേരിക്ക.
പാകിസ്ഥാൻ – അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ആളാണ് തഹാവുർ റാണ. മുംബൈ ഭീകരാക്രമണം നടന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ ചിക്കാഗോയിലെ എഫ്ബിഐ റാണയെ അറസ്റ്റ് ചെയ്തിരുന്നു. റാണയെ ഇന്ത്യയ്‌ക്ക് കൈമാറാനുള്ള എല്ലാ അവകാശവും ഉണ്ടെന്നും ഉടൻ തന്നെ റാണയെ ഇന്ത്യക്ക് കൈമാറുമെന്നും അസിസ്റ്റന്റ് യുഎസ് അറ്റോർണിയും ക്രിമിനൽ അപ്പീൽ മേധാവിയുമായ ബ്രാം ആൽഡനാണ് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച അമേരിക്കൻ കീഴ് കോടതികളുടെ ഉത്തരവ് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
റാണയും സുഹൃത്തായ ഡേവിഡ് കോൾമാൻ ഹെഡ്ലിയും ചേർന്ന് ആക്രമണം നടത്താൻ മുംബൈയിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 15 വർഷം മുൻപ് ചിക്കാഗോയിൽ ട്രാവൽ ഏജൻസി നടത്തി വരികയായിരുന്നു ഇയാൾ. 63 കാരനായ റാണ ഇക്കഴിഞ്ഞ മേയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. യു എസ് ഡിസ്ട്രിക്റ്റ് കോടതിഅത് നിരസിച്ചു. യു എസ് ഡിസ്ട്രിക്റ്റ് കോടതിയുടെ ഉത്തരവിനെതിരെ റാണ നൽകിയ അപ്പീലിലാണ് യുഎസ് അറ്റോർണി ചീഫ് ബ്രാം ആൽഡൻ ഇപ്പോൾ നിലപാട് വ്യക്തമാക്കിയത്.