ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല SFI എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമമെന്ന് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടി നൽകി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനം അല്ല എസ്എഫ്ഐ എന്ന് മുഖ്യമന്ത്രി. എസ്എഫ്ഐയുടെ വളർച്ച പടിപടിയായിട്ടാണ് ഉണ്ടായത് എന്നും ഒരു ദിവസം പെട്ടെന്ന് ഉണ്ടായതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ പ്രവർത്തനം നടത്തിയതിന്റെ പേരിൽ 35 പേർ കൊലചെയ്യപ്പെട്ടു. ഇത്തരം ഒരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോയെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു. തെറ്റായ കാര്യങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ തെറ്റെന്ന് തന്നെ പറയും എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പുറത്തുനിന്നുള്ളവർ പ്രവേശിച്ചതാണ് കാര്യവട്ടം ക്യാമ്പസിലെ തർക്കത്തിൽ കലാശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി . കെഎസ്‌യു പ്രവർത്തകനൊപ്പം ആണ് പുറത്തുനിന്നുള്ള ആൾ ക്യാമ്പസിൽ എത്തിയത്. 15 ഓളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.കേസിൽ അന്വേഷണം നടക്കുന്നു.
നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങൾ രക്ഷാപ്രവർത്തനമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം കാമ്പസുകളിലെ അതിക്രമങ്ങൾക്ക് സംരക്ഷണം നൽകുന്നതാണെന്ന് വി.ഡി സതീശൻ പറഞ്ഞു.