ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ മൂന്നാം ദിവസത്തേക്ക് കടക്കുകയാണ്. നാവികസേന സംഘം ഇന്നലെ രാത്രിയോടെ സ്ഥലത്തെത്തിയിരുന്നു. 7 അംഗങ്ങളാണ് എത്തിയിരിക്കുന്നത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ തുടങ്ങും. സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങും. ഇന്ന് രാവിലെ സോണാർ ഉപയോഗിച്ചുള്ള പരിശോധന നേവി ആരംഭിക്കും. തോട്ടിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാകും മറ്റു പരിശോധനകളിലേക്ക് കടക്കുക.
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിലാണ് ജോയി കാണാതായത്. റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ലക്ഷ്യം കണാനായില്ല. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ആറ് മണിയോടെ സ്കൂബ സംഘം ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നത്.
എന്നാൽ പരസ്പരം പഴിചാരുകയാണ് റെയിൽവേയും കോർപ്പറേഷനും. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി റെയിൽവേയുടെ പരിധിയിലുള്ള തുരങ്കസമാനമായ തോട് വൃത്തിയാക്കാൻ പലതവണ ആവശ്യപ്പെട്ടെന്ന് കോർപ്പറേഷൻ. അതേസമയം ടണൽ വൃത്തിയാക്കാൻ കോർപറേഷൻ അനുമതി ആവശ്യപ്പെട്ട് ഒരു തവണ പോലും കത്ത് തന്നിട്ടില്ലെന്നും അനുവാദം ചോദിച്ചിട്ട് നൽകിയില്ലെന്ന മേയറുടെ വാദം തെറ്റാണെന്ന് അസിസ്റ്റന്റ് ഡിവിഷണൽ റെയിൽവേ മാനേജർ എംആർ വിജി ആരോപിച്ചു.