വാഹനങ്ങളില്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍മുദ്രയുള്ള ബോര്‍ഡ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്ന് ഹൈകോടതിയുടെ മുന്നറിയിപ്പ്. ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍, ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് അറിയിപ്പ്.
വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തി ബോര്‍ഡ് വെക്കുന്നതും നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. കസ്റ്റംസ്, ഇന്‍കംടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി വാഹനത്തില്‍ ബോര്‍ഡ് വയ്ക്കുന്നതിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
ചവറ കെ.എം.എം.എല്‍. എം.ഡി.യുടെ വാഹനം ഫ്‌ലാഷ് ലൈറ്റിട്ട് അമിതവേഗത്തില്‍ ആലുവ മേല്‍പ്പാലത്തിലൂടെപ്പോയ സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസറുടെ പരിശോധനാ റിപ്പോര്‍ട്ട് അടുത്തതവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ നല്‍കണമെന്നും കോടതി പറഞ്ഞു.