രാജ്യവ്യാപകമായ വിദ്യാർഥി പ്രക്ഷോഭത്തിനും നിരവധി പേരുടെ മരണത്തിനും കാരണമായ സർക്കാർ ജോലികളിലെ സംവരണം പിൻവലിച്ച് ബംഗ്ലാദേശ് സുപ്രീംകോടതി. സർക്കാർ ജോലികളിൽ 93 ശതമാനം നിയമനവും മെറിറ്റ് അധിഷ്ഠിതമായിരിക്കണമെന്നും കോടതി ഉത്തരവിട്ടു. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് അനുവദിച്ച പ്രത്യേക ക്വാട്ടയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഏകദേശം 114 പേരായിരുന്നു മരിച്ചത്.
ജൂലൈ ഒന്നിനാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചത്. ഔദോഗീക കണക്കുകൾ പ്രകാരം ഞായറാഴ്ച വരെ 114 പേരാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർക്ക് പ്രക്ഷോഭത്തിൽ പരിക്കേറ്റിട്ടുണ്ട്. 300 ഓളം പോലീസുകാർക്ക് പരിക്കേറ്റതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിൽ രാജ്യവ്യാപക നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ടെലിഫോൺ,ഇന്റെർനെറ്റ് ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിച്ചു. കലാപത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച 70ലധികം പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും നിരവധി വിദ്യാർഥി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാലാം തവണയും ബംഗ്ലാദേശിൽ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്നത്.



