ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടക്കും. മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും. അർജുനെ കണ്ടെത്തുന്നതിനായി അത്യാധുനിക സ്കാനർ ഇന്ന് ഷിരൂരിലെത്തിക്കും.
അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി അൻജാരിയയും ജസ്റ്റിസ് കെ വി അരവിന്ദും അടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുക. ഇന്നലെ കേസ് പരിഗണിച്ച പ്രത്യേക ബഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിന്‍റെ നിലവിലെ സാഹചര്യം അറിയിക്കണമെന്നും സംഭവം അതീവഗൗരവതരമെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു. ഇന്ന് സംസ്ഥാനസർക്കാരിന് വേണ്ടി എജി സത്യവാങ്മൂലം നൽകും. നേരത്തേ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകരോട് കർണാടക ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസിന്‍റെ ബഞ്ച് നിർദേശിക്കുകയായിരുന്നു.