വയനാടിനെ പുനർനിർമിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയാവുന്നവർ സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ദുരിത ബാധിതർക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കനത്ത മഴയും ഉരുൾപൊട്ടലും ഉള്ളതിനാൽ വയനാട്ടിലേക്കുള്ള അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്. പല വിധത്തിൽ സഹായങ്ങൾ പ്രഖ്യാപിച്ച് ഇതിനോടകം പലരും മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതൽ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനർനിർമ്മിക്കാൻ സാധിക്കുകയുള്ളൂ.
ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കളക്ടറേറ്റില്‍ 1077 എന്ന നംബറില്‍ ബന്ധപ്പെട്ടു അറിയിക്കുക. പഴയ വസ്തുക്കൾ സ്വീകരിക്കുന്നതല്ല. ആരുമൊന്നും പുതിയതായി വാങ്ങേണ്ടതില്ല അങ്ങനെ എന്തെങ്കിലും വേണ്ടിവന്നാൽ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും.



