മുണ്ടക്കൈയിലും,ചൂരൽമലയിലും കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക്. ചാലിയാർ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഉരുൾപ്പൊട്ടലിൽ മരണപെട്ടവരുടെ സംഖ്യ 292 ആയി ഉയർന്നു. 105 മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.
സൈന്യം നിര്‍മ്മിച്ച ബെയ്‌ലി പാലം തുറന്നതോടെ രക്ഷാപ്രവര്‍ത്തനത്തിന് ഇനി വേഗം കൂടും. കാണാതായവർക്ക് വേണ്ടി നാൽപത് അംഗ ടീമുകളായി തിരിഞ്ഞ് ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേകം തെരച്ചിൽ നടത്തും.
സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ,പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിട്ടുണ്ട്. തെർമൽ ഇമേജിങ് പരിശോധനയിലാണ് കണ്ടെത്തൽ.



