യുവതിയുടെ പരാതിയിൽ നിവിൻ പോളിക്കെതിരെ കഴിഞ്ഞദിവസമാണ് ബലാത്സംഗത്തിന് കേസേടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തിൽ നടൻ നിവിൻ പോളി ഡി.ജി.പിക്ക് പരാതി നൽകി. വ്യാജ ആരോപണമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കേസിൽ തന്‍റെ പരാതി കൂടി പരിഗണിക്കണമെന്നുമാണ് ആവശ്യം.
വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയുടെ പരാതി.
നിവിൻ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. നിവിൻ പോളിയടക്കം ആറ് പേരാണ് പ്രതികൾ. ബലാത്സംഘം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പോലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ പൊലീസ് നടപടി അറിഞ്ഞതിന് ശേഷമാകും മുൻകൂർ ജാമ്യം തേടുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് നടൻ നീങ്ങുക.
കേസിൽ പ്രതിയായതിന് പിന്നാലെ ആരോപണങ്ങളിൽ പ്രതികരിച്ച് നിവിൻ പോളി വാർത്തസമ്മേളനം വിളിച്ചിരുന്നു. തനിക്കെതിരെ വ്യാജ ബലാത്സംഗ പരാതിയാണ് നൽകിയിരിക്കുന്നതെന്നാണ് നിവിൻ പോളി പറഞ്ഞത്. വ്യാജ ആരോപണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടു വരാനുള്ള നടപടികൾ സ്വീകരിക്കും. കേസിൽ നിയമപരമായി നീങ്ങുമെന്നും നിവിൻ പോളി വ്യക്തമാക്കിയിരുന്നു.
പരാതി നൽകിയ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നരമാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് വിളിച്ചിരുന്നു. അന്ന് വ്യാജ പരാതിയാണെന്നും പ്രശസ്തിക്ക് വേണ്ടി ചെയ്തതാകാമെന്നുമാണ് പൊലീസ് പറഞ്ഞത്. തന്റെ ഭാഗത്ത് 100 ശതമാനം ന്യായമുണ്ടെന്നും നിവിൻ പോളി പറഞ്ഞിരുന്നു.



