ഇനി കമല ഹാരിസുമായി സംവാദത്തിനില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. നവംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുൻപ് ഒരു സംവാദത്തിന് കൂടി കമല ട്രംപിനെ വെല്ലുവിളിച്ചിരുന്നു. കഴിഞ്ഞ സംവാദത്തിൽ ട്രംപിന് മേലെ കമല മേൽക്കൈ നേടിയെന്നാണ് വിലയിരുത്തൽ.
മറ്റൊരു സംവാദം കൂടെ വേണമെന്ന കമലയുടെ ആവശ്യം അവർ ആദ്യ സംവാദത്തിൽ തോറ്റുപോയതിൻ്റെ ക്ഷീണം മറികടക്കാനാണെന്ന് ട്രംപ് പരിഹസിച്ചു. ഏത് സർവേയെന്ന് കൃത്യമായി പറയാതെ താൻ കഴിഞ്ഞ സർവേയിൽ ജയിച്ചെന്നായിരുന്നു ട്രംപിൻ്റെ വാദം. സിഎൻഎൻ സർവേ പ്രകാരം കമല ജയിച്ചെന്ന് 63 ശതമാനം പേർ വിശ്വസിക്കുന്നു. യുഗവ് പോൾ അനുസരിച്ച് 43 ശതമാനം കമല ജയിച്ചെന്നും 28 ശതമാനം ട്രംപ് ജയിച്ചെന്നും കരുതുന്നു. ഈ സംവാദത്തിന് പിന്നാലെ കമലയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വീണ്ടും പണം ഒഴുകിയെത്തി. 24 മണിക്കൂറിനിടെ 47 ദശലക്ഷം ഡോളറാണ് കമലയ്ക്ക് കിട്ടിയത്.



