മൈസൂരു മുഡ ഭൂമി ഇടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൈസൂരു ലോകായുക്ത പൊലീസാണ് കേസ് അന്വേഷിക്കേണ്ടത്. 3 മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. അഴിമതിക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു.
1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ പ്രകാരവും, 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ സെക്ഷൻ 218 പ്രകാരവുമാണ് ഗവർണർ മുഖ്യമന്ത്രിയെ വിചാരണ ചെയ്യുന്നതിനുള്ള അനുമതി നൽകിയത്. ഇത് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയിൽ ലോകായുക്തയിൽ എബ്രഹാം പരാതി നൽകിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകൻ എസ് യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളിലാണ് പരാതി നൽകിയത്. എന്നാൽ തൻ്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടത്.



